
ചെങ്ങന്നൂർ
ചെങ്ങന്നൂർ നഗരസഭ ഓഫീസ് പ്രവർത്തനം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ കെട്ടിടത്തിൽ നിന്നും മാറ്റുമ്പോൾ താഴത്തെ നിലയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗരസഭ ഓഫീസിലെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ തകർന്നു വീണതോടെ ഓഫീസ് പ്രവർത്തനം
ശാസ്താംപുറം മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിലേക്ക് മാറ്റുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനു ശേഷം നിലവിലെ നഗരസഭ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റാൻ
നീക്കമുള്ളതായും അറിയുന്നു.
എന്നാൽ ഈ കെട്ടിടം ഇല്ലാതാകുന്നതോടെ
താഴത്തെ നിലയിൽ പതിറ്റാണ്ടുകളായി
കച്ചവടം നടത്തുന്ന 25 ലേറെ വ്യാപാരികൾ വഴിയാധാരമാകും. മാത്രമല്ല പുതിയ കെട്ടിടം ഇവിടെ നിർമ്മിക്കുമ്പോൾ കെട്ടിട് നിർമ്മാണം
ചട്ടം പാലിച്ചാൽ ബസ് സ്റ്റാൻഡ് ഇല്ലാതാകും.
ഈ പ്രതിസന്ധിക്കു പരിഹാരമായി,
നിലവിലെ നഗരസഭ കെട്ടിടത്തിൻ്റെ ഒന്നും രണ്ടും നിലകൾ മാത്രം പൊളിച്ചു നീക്കിയാൽ
മതിയാകും. കടമുറികൾ ഉൾപ്പെടുന്ന താഴത്തെ നില നിലനിർത്തി ബലപ്പെടുത്തിയാൽ വ്യാപാരികൾക്ക്
തുടർന്നും കച്ചവടം നടത്തുവാൻ കഴിയും. താലൂക്ക് ഓഫീസിനു സമീപം പഴയ നഗരസഭ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പുതിയ ഓഫീസ് നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ പി മുരുകേശ് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻ്റ് സജി പാറപ്പുറം അധ്യക്ഷനായി.
ഏരിയ സെക്രട്ടറി സതീഷ് കുമാർ നായർ, പ്രമോദ് അമ്പാടി, പ്രസന്നകുമാർ, എം ജെ സണ്ണി, മാമ്മൻ ഉമ്മൻ, ബിജു സെലക്ഷൻ, മനോജ് സൻമ എന്നിവർ സംസാരിച്ചു.










